2010, ഡിസംബർ 23, വ്യാഴാഴ്‌ച

വംശനാശം നേരിടുന്ന കഴുകന്മാരെ കണ്ടെത്തി


കോഴിക്കോട്: വംശനാശം നേരിടുന്ന രണ്ട് അപൂര്‍വയിനം കഴുകന്മാരെ വയനാടന്‍ വനങ്ങളില്‍ കണ്ടെത്തി. ചുട്ടിക്കഴുകന്‍ (വൈറ്റ് ബാക്ഡ് വള്‍ച്ചര്‍), ചെന്തലയന്‍ (റെഡ് ഹെഡഡ് വള്‍ച്ചര്‍) എന്നീ ഇനം കഴുകന്മാരെയാണ് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ കാണാനായത്.

പശ്ചിമഘട്ട മലനിരകളടക്കമുള്ള വനനിരകള്‍ കേന്ദ്രീകരിച്ച് 2009 ജനവരിയിലാണ് സൂക്ഷ്മമായ പക്ഷിനിരീക്ഷണം തുടങ്ങിയത്.
കൊച്ചി-തിരുവിതാംകൂര്‍ രാജഭരണകാലത്ത് ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നടത്തിയ നിരീക്ഷണത്തിന്റെ അതേ പ്രദേശങ്ങളിലൂടെത്തന്നെയാണ് നിരീക്ഷണം നടത്തുന്നത്. സാലിം അലിക്ക് ശേഷം ആദ്യമായാണ് ഇത്ര ആധികാരികമായി പഠനം നടക്കുന്നത്.

സാലിം അലിയുടെ പഠനത്തില്‍പ്പോലും കേരളത്തിന്റെ വനമേഖലകളില്‍ ഈ അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയിരുന്നില്ല. അതിനും 30 വര്‍ഷം മുമ്പ് ഇവയുടെ വംശനാശം സംഭവിച്ചതായി ഡോ. സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ ഉത്തരേന്ത്യയില്‍ ഇവയുടെ വംശം നിലനിന്നിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയിലൂടെ ചത്ത നാല്‍ക്കാലികളുടെ മാംസം ഭക്ഷിച്ച് ഈ രണ്ടിനം കഴുകന്‍മാരും കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. കന്നുകാലികള്‍ക്ക് നല്‍കിയ കുത്തിവെപ്പ് മരുന്നാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഇവയുടെ സംരക്ഷണത്തിനായി പല നടപടികളും എടുത്തെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഡൈക്‌ളോഫെനക്ക് എന്ന കുത്തിവെപ്പുമരുന്ന് നിരോധിച്ചു.

ഇന്ത്യയില്‍ത്തന്നെ അപൂര്‍വമായി കണ്ടുവരുന്ന സ്‌പെക്കുള്‍ഡ് പിക്കുലെറ്റ് (മരംകൊത്തി ചിന്നന്‍), വംശനാശം നേരിടുന്ന പരുന്ത് (ജെര്‍ഡന്‍സ്ബാസ്), വരമ്പന്‍ (ഒലിവ് ബാക്ഡ് പിപ്പറ്റ്) എന്നിവയും നിരീക്ഷണസംഘത്തിന്റെ ക്യാമറയില്‍ കുടുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് വരമ്പന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

കണ്ടെത്തിയത് 125 അപൂര്‍വയിനം പക്ഷികളെ


കഴിഞ്ഞ രണ്ടുവര്‍ഷമായി നിരീക്ഷണത്തില്‍ 125-ഓളം അത്യപൂര്‍വ പക്ഷികളെയാണ് കണ്ടെത്തിയത്. ദേശാടനപ്പക്ഷികളില്‍ നല്ലൊരുവിഭാഗം സംസ്ഥാനത്തെ വനാന്തരങ്ങളിലും കായല്‍-തീരദേശമേഖലകളിലും തങ്ങുന്നതായും കണ്ടെത്തി. യൂറോപ്പ്, ചൈന, സൈബീരിയ, റഷ്യ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഗ്രീനിഷ് ലീഫ് വര്‍ബ്ലര്‍ എന്ന പച്ചപ്പൊടി കുരുവിക്കൂട്ടത്തെയും ഇവിടെനിന്നും കണ്ടെത്തി.

ഇടുക്കിജില്ലയിലെ തേയില-ഏലത്തോട്ടങ്ങളോട് ചേര്‍ന്നുള്ള വനമേഖലകളില്‍ കീടനാശിനിപ്രയോഗംമൂലം സാധാരണ കണ്ടുവരുന്ന പക്ഷികളായ പിപ്പറ്റുകള്‍, തൂക്കണാം കുരുവികള്‍, വേലിത്തത്ത, പാറ്റപിടിയന്‍ പക്ഷികള്‍ എന്നിവയെയൊന്നും സംഘത്തിന് കണ്ടെത്താനായില്ല. അലഞ്ഞുതിരിഞ്ഞിട്ടും ഒരു കൂടുപോലും സംഘത്തിന് കണ്ടെത്താനായില്ല.

ഹൈറേഞ്ച് മേഖലകളില്‍ നടത്തിയ പഠനത്തില്‍ ചോലക്കാടുകളില്‍മാത്രം കണ്ടുവരുന്ന കരിചെമ്പന്‍ പാറ്റപിടിയന്‍ (ആഷിറണ്‍ വാബ്‌ളര്‍), ബ്ലാക്കെന്‍ ഓറഞ്ച്‌ഫൈ്‌ളകാച്ചര്‍, ബ്ലൂടെയ്ല്‍സ് എന്നീ പക്ഷികളുടെ അനേകം കൂടുകളും പക്ഷികളുടെ വര്‍ധനയും കണ്ടെത്താന്‍ കഴിഞ്ഞു.
ഹൗസ് ബോട്ട് ടൂറിസം വര്‍ധിച്ചത് കായല്‍പ്രദേശത്തെ പക്ഷികളുടെ ആവാസവ്യവസ്ഥക്ക് തിരിച്ചടിയായി.

നേരത്തെ കണ്ടിരുന്ന പിള്‍സൈല്‍ഡെക്ക, ഗാഗനി എന്നീ ഇനം ദേശാടനക്കിളികള്‍ കായല്‍പ്രദേശത്തുനിന്നും പൂര്‍ണമായി അപ്രത്യക്ഷമായി.

കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് സംസ്ഥാന വനംവകുപ്പ് മുന്‍കൈയെടുത്ത് നിരീക്ഷണം നടത്തുന്നത്. ഡിസംബര്‍ 31ഓടെ നിരീക്ഷണം പൂര്‍ത്തിയാക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ താത്പര്യമെടുത്താണ് സര്‍ക്കാറിന്റെ ആധികാരിക പക്ഷിനിരീക്ഷണത്തിന് തുടക്കംകുറിച്ചത്.

പക്ഷിനിരീക്ഷകനായ സി. ശശികുമാര്‍ നേതൃത്വംനല്‍കുന്ന സംഘത്തില്‍ എസ്.രാജ, പി.എ. ഷിബിന്‍, വിഷ്ണുപ്രസാദ് എന്നിവരാണുള്ളത്. 1200 കിലോമീറ്റര്‍ കാല്‍നടയായാണ് രണ്ടുവര്‍ഷത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്നത്.

1 അഭിപ്രായം:

  1. അജ്ഞാതന്‍2025, ജനുവരി 11 7:03 PM

    Prof. Prem raj Pushpakaran writes -- 2023 marks the centenary year of Kavassery Kailasam Neelakantan and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    മറുപടിഇല്ലാതാക്കൂ