വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍, വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈ, വൃദ്ധന്‍ വെള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായി, നിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടി, വഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തു, നിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി. അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്ന, വഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന, നാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ ‘തേന്മാവ്’ നാടിന്റെ തണല്‍മരമായി.തേന്‍മാവിന്‍റെ കാവ്യാവിഷ്കാരം ഒന്നു കേട്ടുനോക്കൂ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ