2011, ജനുവരി 22, ശനിയാഴ്‌ച

കണക്കു പഠിക്കാന്‍ വെബ് സൈറ്റ്

കണക്കു "കണക്കാ"യവര്‍ക്ക് രസകരമായി കണക്കു പഠിക്കാന്‍ ഇതാ നല്ലൊരു വെബ് സൈറ്റ്.ഈ വെബ് സൈറ്റ് പ്രധാനമായും ഇന്ത്യന്‍ കുട്ടികള്‍ക്ക് (6 മുതല്‍ +2 വരെയുള്ള CBSE, ICSE, ISC )വേണ്ടിയാണ്.പിസില്‍സ്,ഗെയ്മുകള്‍,തമാശകള്‍,കണക്കിലുള്ള അഭിരുചി ഇവയെല്ലാം ഈസൈറ്റിലുണ്ട്.സൈറ്റിലെ ഹോം പേജിലുള്ള 'മൂങ്ങമ്മാവനെ'ക്ലിക്കു ചെയ്താല്‍ വെബ് സൈറ്റ് ഉപയോഗിക്കാനുള്ള വഴികള്‍കിട്ടും.കളീച്ചും ഇ-മെയിലിലൂടെ ഉത്തരം തേടിയും കണക്കു രസിച്ചു പഠിക്കാന്‍ നമുക്കു തുടങ്ങാം...ക്ലിക്കിക്കോ...

2011, ജനുവരി 20, വ്യാഴാഴ്‌ച

കുട്ടികളുടെ നബി

കമ്പ്യൂട്ടര്‍ ഗെയിമും കാര്‍ട്ടൂണും അനുവദനീയമോ?


മുഫ്തി: ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവി

ചോദ്യം: എപ്പോഴും ആനന്ദം ആഗ്രഹിച്ചുകൊണ്ടിരിക്കുക എന്നത് മനുഷ്യ മനസിന്റെ പ്രകൃതമാണ്. അവിടെ വിനോദത്തിനും കളികള്‍ക്കും വലിയ സ്ഥാനമുണ്ട്് . അതുകൊണ്ടുതന്നെ ഇസ്ലാമിക ശരീഅത്ത് കളികളും വിനോദങ്ങളുംഅനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചില കളികള്‍, പ്രത്യേകിച്ച് കാര്‍ട്ടൂണുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും പോലുള്ളവയുടെ സാധുത ഇസ്ലാമിക ശരീഅത്തില്‍ ഏത്രത്തോളമുണ്ട്?


ഉത്തരം: കുട്ടികളുടെ മനസിനെയും ബുദ്ധിയെയും സ്വാധീനിക്കുകയും അവരെ വളരെയധികം ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് ടെലിവിഷന്‍ സ്ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങളുടെ രൂപത്തിലുള്ള കാര്‍ട്ടൂണുകള്‍. മറ്റു ഭാഷകളില്‍ നിന്ന് ഭാഷാന്തരം ചെയ്യപ്പെട്ടവയാണ് അവയിലധികവും. ചലിക്കുകയും സംസാരിക്കുകയും പരസ്പര സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്യുന്ന മൃഗങ്ങളാണവയിലെ കഥാപാത്രങ്ങള്‍. കുട്ടികള്‍ വളരെയധികം താത്പര്യത്തോടെയാണിതിന്റെ ഓരോ ഭാഗവും കാണുന്നത്. കഥയുടെ തുടര്‍ച്ചയും അവസാനവും അറിയുന്നതിനായി അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെയവര്‍ കാത്തിരിക്കുന്നു.
അടിസ്ഥാന പരമായി ഇത്തരം ആധുനിക മാര്‍ഗ്ഗങ്ങളെ വിനോദത്തിനും പഠനത്തിനും ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ പക്ഷം. എന്നാലതിന് ചില നിബന്ധനകള്‍ പാലിക്കണം.

തുടര്‍ന്ന് വായിക്കുക

2011, ജനുവരി 15, ശനിയാഴ്‌ച

പണ്ടൊരിക്കല്‍ കുറുക്കച്ചാര്‍...

താതയ്യാരോ..തര താതയ്യാരോ...

കിയാം...കിയാം..കുരുവി

പാതുവെക്കാനൊരു മഞ്ചാടി...

2011, ജനുവരി 14, വെള്ളിയാഴ്‌ച

മലര്‍വാടി വിജ്ഞാനോത്സവം'2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എല്‍.പി സ്‌കൂള്‍, യു.പി. സ്‌കൂള്‍ തലങ്ങളില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന വിജ്ഞാനോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്‌കൂള്‍ തല മത്സരം 2011 ജനുവരി 19 ഉച്ചക്ക് 2.30-4.00 മണിവരെ നടക്കും. സബ്ജില്ലാ തല മത്സരങ്ങള്‍ 2011 ജനുവരി 22 (സമയം 2-4pm)ഉം ജില്ലാതല മത്സരങ്ങള്‍ 2011 ഫെബ്രുവരി 5 നും(സമയം 2-4pm) വിവിധ സ്‌കൂളുകളില്‍ വെച്ച് നടക്കും. യു.പി വിഭാഗത്തിന് സംസ്ഥന തലത്തിലും മത്സരങ്ങളുണ്ടാവും.

സംസ്ഥാനത്തെ എൽ.പി - യു.പി സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്ന വിജ്ഞാനോത്സവത്തിൽ കഴിഞ്ഞ(2009-10) അധ്യായനവര്ഷത്തില് 1,98,300 കുട്ടികൾ പങ്കെടുത്തു. സ്കൂൾ, സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ നടന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താൽപര്യത്തോടെയാണ് സ്കൂൾ അധികൃതർ സ്വാഗതം ചെയ്തത്.സാമ്പ്രദായിക വിഷയങ്ങള്ക്ക് പുറമെ മാനവികവും സാമൂഹികവുമായ അവബോധം വിദ്യാര്ഥികളില് വളര്ത്തിയെടുക്കാന് സഹായകമാവുന്ന തരത്തിലള്ളവായിരിക്കും ചോദ്യങ്ങള്. ഓരോ തലത്തിലുമുള്ള വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

സ്കൂളുകളില് മത്സരം നടത്താന് താല്പര്യമുള്ളവര് ബന്ധപ്പെടേണ്ട - നമ്പര് 9946405330

2011, ജനുവരി 1, ശനിയാഴ്‌ച

കടലുണ്ടിക്കാഴ്ചകള്‍


കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ് കടലുണ്ടിയെ സുന്ദരിയാക്കുന്നത്. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ് രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്.

പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തോട് ചേര്‍ന്ന് 15 ഹെക്ടറിലാണ് റിസര്‍വ് സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണകേന്ദ്രമോ, സംരക്ഷണ റിസര്‍വോ അല്ലാത്ത പ്രദേശങ്ങളിലുള്ള സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന സ്ഥലമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്.

റിസര്‍വിനോട് ചേര്‍ന്ന് റെയില്‍വേപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം. ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികളെത്തുന്ന പക്ഷിസങ്കേതങ്ങളിലൊന്നാണിത്. 135 ലധികം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും അപൂര്‍വദേശാടനപക്ഷികളും വംശനാശഭീഷണി നേരിടുന്നവയുമാണ്.


കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമായിരിക്കും. കണ്ടല്‍ വനങ്ങളും പുഴയിലെ ചെറുതുരുത്തുകളും പക്ഷിക്കൂട്ടങ്ങളും മത്സ്യബന്ധനവും അടുത്ത് കാണാനും അറിയാനുമുള്ള അസുലഭ അനുഭവമായിരിക്കും ഇത്. നിരവധി സാംസ്‌കാരിക - പൈതൃക കേന്ദ്രങ്ങളും ഈ കൊച്ചുഗ്രാമത്തില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.

കടലുണ്ടി പഞ്ചായത്തിന്റെ അതിരിനോട് ചേര്‍ന്ന് വള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന നിറങ്കൈതക്കോട്ട ഇവയില്‍ പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയമാണിവിടെയുള്ളത്. മരത്തില്‍ കൊത്തിയ രാമായണ കഥാഭാഗങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. മൊച്ചകള്‍ എന്നറിയപ്പെടുന്ന നാടന്‍ കുരങ്ങുകളെയും ഇവിടെ ധാരാളം കാണാം.

പ്രകൃതിരമണീയമായ കോട്ടക്കുന്നില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ചര്‍ച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂശിതനായ യേശുവിന്റെ കൂറ്റന്‍ രൂപമുള്ളത്. പുരാതന മുസ്‌ലിം പള്ളികളായ ചാലിയം മസ്ജിദ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരവുമായി ചാലിയം മുല്ല, മാലിക്ദിനാര്‍ കേരളത്തില്‍ സ്ഥാപിച്ച പതിനൊന്ന് പള്ളികളില്‍ ഒന്നായ പുഴക്കരപ്പള്ളി, ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചാലിയം ശ്രീകണേ്ഠശ്വര ക്ഷേത്രം, പേടിയാട്ട് ഭഗവതി, മണ്ണൂര്‍ ശിവക്ഷേത്രം, മണ്ണൂര്‍ ഗുഹ, പഴഞ്ചന്നൂര്‍ ക്ഷേത്രം തുടങ്ങിയവയും ഈ ഗ്രാമത്തിലെ പൈതൃകകേന്ദ്രങ്ങളാണ്.


മണ്ണാര്‍ മാട്, സി.പി.തുരുത്തി, പനയംമാട്, ബാലാതുരുത്തി എന്നിവിടങ്ങളില്‍ നിന്ന് കണ്ടല്‍വനങ്ങളുടെ മനോഹാരിതയും ജൈവ വൈവിധ്യവും അടുത്താസ്വദിക്കാനാകും. ചാലിയത്ത് സ്ഥിതി ചെയ്യുന്ന വനംവകുപ്പിന്റെ തടിഡിപ്പോയിലാണ് 'ഹോര്‍ത്തൂസ് മലബാറിക്കസി'ല്‍ പ്രതിപാദിച്ചിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പൈതൃക തോട്ടം ഒരുങ്ങുന്നത്. വനം വകുപ്പിന്റെ തടിലേല കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച, മദ്രാസില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിന്റെ ടെര്‍മിനല്‍ സ്റ്റേഷന്‍ കൂടിയായിരുന്നു ചാലിയം. തിരൂര്‍- ചാലിയം റെയില്‍വേ ലൈനിന്റെ അവശേഷിപ്പായ കൂറ്റന്‍ റെയില്‍വേ കിണറും തടി ഡിപ്പോയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ലൈറ്റ് ഹൗസും ചാലിയത്താണ്. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ലൈറ്റ്ഹൗസിനു മുകളില്‍ കയറി ബേപ്പൂര്‍ തുറമുഖത്തിന്റെയും കടലുണ്ടിയുടെയും വിദൂര ദൃശ്യങ്ങള്‍ ആസ്വദിക്കാം.

തടി ഡിപ്പോയോട് ചേര്‍ന്നുള്ള കാക്കാതുരുത്തില്‍ ഉരു നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തിനായി നിര്‍മിച്ച ചാലിയം പുലിമുട്ടിലൂടെ കടലിനുള്ളിലേക്ക് വാഹനം ഓടിച്ചു പോകുന്നത് വേറിട്ട അനുഭവമായിരിക്കും. ചാലിയം- ബേപ്പൂര്‍ ജെട്ടികളിലേക്കു ചാലിയാറിലൂടെയുള്ള ജങ്കാര്‍ യാത്രയും ചാലിയത്തെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രവും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും പകരുക.


കടലുണ്ടിയുടെ മനോഹാരിത ആസ്വദിക്കാനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഇവിടേക്ക് കണ്ടക്ടഡ് ടൂര്‍ നടത്തുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ നിന്നാരംഭിക്കുന്ന യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 450 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് നിരക്ക്.

നഗരത്തില്‍ 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ഫറോക്ക് വഴിയും ബേപ്പൂരില്‍ നിന്ന് ജങ്കാര്‍ വഴിയും എത്തിച്ചേരാനാകും. കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്രയ്ക്കും, ഗ്രാമത്തിന്റെ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനും താത്പര്യമുള്ളവര്‍ക്ക് കമ്യൂണിറ്റിറിസര്‍വ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കും. ഇതിനായി റിസര്‍വ് ചെയര്‍മാന്‍ അനില്‍ മാരാത്തുമായി ബന്ധപ്പെടാം. ഫോണ്‍: 9447006456. ഡി.ടി.പി.സി.യുടെ കണ്ടക്ടഡ് ടൂറിന് 0495-2720012 നമ്പറില്‍ ബന്ധപ്പെടണം.