2010, ഡിസംബർ 25, ശനിയാഴ്‌ച

അവധിക്കാലം അടിപൊളിയാക്കാം...

ആനവാല്

ആനവാലുകളിക്കാന്‍ കുറഞ്ഞത്‌ അഞ്ചുകുട്ടികള്‍ വേണം.

കുട്ടികളില്‍ മൂന്നുപേരും നേരെ നേരെ കുനിഞ്ഞു നില്‌ക്കുക. ഓരോരുത്തരും കുനിഞ്ഞ്‌ മുന്നിലുള്ള ആളുടെ അരയില്‍ തൊട്ടുനില്‍ക്കണം. രണ്ടാമത്തെ ആള്‍ ഒന്നാമന്റെ അരയില്‍ രണ്ടു കൈകൊണ്ടും തൊട്ടു നില്‍ക്കണം. മൂന്നാമന്‍ രണ്ടാമന്റെ അരയിലും. ഇപ്പോള്‍ മൂന്നുപേരും കൂടി ഒരാനയായി.

ഒന്നാമന്‍ ആനയുടെ തല

രണ്ടാമന്‍ ആനയുടെ ഉടല്‍

മൂന്നാമന്‍ ആനയുടെ വാല്‍

നാലാമന്‍ ആനക്കാരന്‍

അഞ്ചാമന്‍ ആനക്കള്ളന്‍

ആനക്കാരന്‍ ആനക്കള്ളനെ പിടിക്കാന്‍ ഓടണം. കള്ളന്‍ പിടികൊടുക്കാതെ ഓടണം. ഓടിയോടിക്കുഴഞ്ഞാല്‍ അയാള്‍ക്ക്‌ രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്‌. ആനയുടെ വാലായി നില്‍ക്കുന്നവന്റെ ഇടുപ്പില്‍ പിടിച്ചുകൊണ്ട്‌ അവന്റെ പിന്നില്‍ കുനിഞ്ഞു നില്‍ക്കുക.

ഉടന്‍ ആനയുടെ തലയായി മുമ്പില്‍ നിന്നവന്‍ ഓടിക്കൊള്ളണം. ഇവനാണ്‌ ഇപ്പോഴത്തെ ആനക്കള്ളന്‍. ആനക്കാരന്‍ ഈ പുതിയ കള്ളന്റെ പിറകെയാണ്‌ ഓടേണ്ടത്‌. പുതിയ കള്ളനും ഓടിക്കുഴയുമ്പോള്‍ മൂന്നാമന്റെ പുറകില്‍ വന്നുനിന്ന്‌ രക്ഷപ്പെടാം. അപ്പോള്‍ തലയായിനിന്നവന്‍ കള്ളനായി ഓടും, കുഴങ്ങിയാല്‍ ആനവാലായി രക്ഷപ്പെടും.

ആനക്കാരന്‍ കള്ളനെ തൊട്ടാലോ? കള്ളന്‍ പിന്നെ ആനക്കാരനാകും. ആനക്കാരന്‍ കള്ളനും. കളിച്ചുനോക്കിയാലേ ആനവാലിന്റെ രസമറിയൂ. ഇന്നുതന്നെ ആനവാലു കളിക്കണേ.അക്കുത്തിക്കുത്ത്‌

കളിക്കാരെല്ലാവരും റെഡിയാണോ. എങ്കില്‍ നിലത്തു വട്ടമിട്ടിരിക്കാം. എല്ലാവരും കൈപ്പത്തികള്‍ നിലത്തു നിവര്‍ത്തി വയ്‌ക്കണം. ഇതില്‍ ഏതെങ്കിലും ഒരാള്‍

അക്കുത്തിക്കത്താനപെരുങ്കുത്ത്‌-

അക്കര നിക്കണ വെള്ളക്കോഴീടെ

കൈയോ കാലോ ഏതാലൊന്നു

തട്ടി മുട്ടി മലര്‍ത്തിപ്പോ

എന്നു ചൊല്ലിക്കൊണ്ട്‌ ഓരോരുത്തരുടെ കൈപ്പത്തിയിലും ഇടിക്കുക. ഇടികിട്ടിയവരെല്ലാം കൈ മലര്‍ത്തണം. മലര്‍ത്തിയ കൈയിലാണ്‌ മലര്‍ത്തിപ്പോ എന്നു പറയുമ്പോള്‍ ഇടിക്കുന്നതെങ്കില്‍ അവനു കൈ എടുക്കാം. അങ്ങനെ രണ്ടു കൈയും എടുത്തവര്‍ക്ക്‌ മാറാം.

ഒടുവില്‍ അവശേഷിക്കുന്നതാരോ അയാള്‍ എല്ലാവരെയും ഒടിച്ചിട്ടു തൊടണം. എല്ലാവരെയും തൊട്ടുകഴിഞ്ഞാല്‍ വീണ്ടും അടുത്ത കളി തുടങ്ങാം.ഞൊണ്ടിപ്പുള്ളി

നിങ്ങള്‍ക്കേറ്റവും ഇഷ്‌ടപ്പെടുന്ന ഒരു കളികൂടി പരിചയപ്പെടാം.

ഒരു നിശ്‌ചിത കളത്തിനുള്ളില്‍ മാത്രം കളിക്കേണ്ട കളിയാണ്‌ ഞൊണ്ടിപ്പുള്ളി. കളത്തിനകത്ത്‌ കളിക്കാരെല്ലാം നില്‍ക്കണം. ഒരാള്‍ ഒറ്റക്കാലില്‍ തുള്ളിത്തുള്ളിച്ചെന്ന്‌ മറ്റുള്ളവരെ തൊടണം. ഒറ്റക്കാലില്‍ തുള്ളുന്ന ആളിന്‌ കാല്‍ കഴച്ചാല്‍ കാലു മാറാന്‍ വ്യവസ്‌ഥയുണ്ടാക്കാം. ഒരേസമയം രണ്ടു കാലും നിലത്തുകുത്തരുത്‌ എന്നു മാത്രം. ആദ്യം തൊടുന്ന ആള്‍ വേണം പിന്നീട്‌ തുള്ളി മറ്റുള്ളവരെ തൊടാന്‍. ഓടി കളത്തിനു വെളിയില്‍ പോയാല്‍ ആ ആള്‍ കളിക്കു പുറത്തായി.ബസ്സ്‌ - വിസ്സ്‌കളി

ഓടിക്കളിച്ചു മടുത്തോ? എങ്കില്‍ ഇതാ, ഇനി വട്ടമിട്ടിരുന്നു കളിക്കാം. ഏകാഗ്രതയും കണക്കില്‍ അല്‌പം താല്‌പര്യവുമ

ണ്ടെങ്കില്‍ ഈ കളിയില്‍ ജയിക്കാം. അല്ലെങ്കില്‍ കടം വന്ന്‌ മുടിഞ്ഞതുതന്നെ.

എല്ലാവരും വട്ടമിട്ടിരുന്നല്ലോ. ഇനി കളിതുടങ്ങാം. ഏതെങ്കിലും ഒരക്കത്തിന്‌ ബസ്സ്‌ എന്നു പേരുകല്‌പിക്കുക. മറ്റൊരക്കത്തിന്‌ വിസ്സ്‌ എന്നും. ഉദാഹരണമായി 3 ബസ്സും 7 വിസ്സും ആകട്ടെ.

ആരെങ്കിലും ഒരാള്‍ തൊട്ട്‌ എണ്ണിത്തുടങ്ങട്ടെ. ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ എന്നിങ്ങനെ മുകളിലേക്കാണ്‌ എണ്ണേണ്ടത്‌. എണ്ണുമ്പോള്‍ ബസ്സ്‌ എന്നും വിസ്സ്‌ എന്നും പേരുകൊടുത്ത അതാതക്കങ്ങള്‍ക്ക്‌ ആ പേര്‌ തന്നെയേ പറയാവൂ. 3 എന്ന്‌ എണ്ണുന്നകൂട്ടി ബസ്സ്‌ എന്നേ പറയാവൂ. പകരം മൂന്ന്‌ എന്ന്‌ എണ്ണിയാല്‍ ആ കുട്ടി കടം ആയി.

മൂന്നിന്റെ എല്ലാ പെരുക്കങ്ങളും ബസ്സ്‌ എന്ന്‌ പറയണം; ഏഴിന്റെ എല്ലാ പെരുക്കങ്ങളും വിസ്സ്‌ എന്നും. ഉദാഹരണത്തിന്‌ 3, 6, 9, 12, 15, 18, 21 തുടങ്ങിയവയെല്ലാം ബസ്സ്‌ എന്നുപറയണം. 7, 14, 21, 28 തുടങ്ങിയ അക്കങ്ങള്‍ പറയേണ്ടവന്‍ വിസ്സ്‌ എന്നും പറയണം. തെറ്റിക്കുന്നവരുടെ കടം കൂടിക്കൂടിവരും. 5 കടം വന്നയാള്‍ കളിതോറ്റു പുറത്തു പോകും. ഏറ്റവും അവസാനംവരെ നില്‌ക്കുന്നവന്‍ വിജയിക്കും.

മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കാനുണ്ട്‌. ഉദാഹരണത്തിന്‌ 13 എന്നു പറയുന്നതിനുപകരം 3 അല്ലാത്ത അക്കം പറഞ്ഞിട്ട്‌ ബസ്‌ എന്നാണ്‌ പറയേണ്ടത്‌. ഉദാഹരണത്തിന്‌ 13ന്‌ ഒന്ന്‌ ബസ്‌ എന്നാണ്‌ പറയേണ്ടത്‌ 27-ന്‌ രണ്ട്‌ വിസ്സ്‌ എന്നും.

കണക്കിലെ പെരുക്കം ഉറപ്പിക്കാനും തലച്ചോറിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഈ കളി നിങ്ങളെ സഹായിക്കും.മഴവില്ല്‌
ഈ കളിയില്‍ ഏഴ്‌ കുട്ടികള്‍ വരിവരിയായി നില്‍ക്കണം; ഒരു മഴവില്ലിലെ ഏഴ്‌ നിറങ്ങള്‍ എന്നപോലെ. ഓരോരുത്തരും ഓരോ നിറത്തിന്റെ പേരു സ്വീകരിക്കട്ടെ. ആ പേര്‌ അവര്‍ രണ്ടുവട്ടം വിളിച്ചുപറയണം. ഉദാഹരണത്തിന്‌ ഞാന്‍ ചുവപ്പ്‌, ഞാന്‍ ഓറഞ്ച്‌, ഞാന്‍ മഞ്ഞ, ഞാന്‍ പച്ച, ഞാന്‍ നീല, ഞാന്‍ ഇന്‍ഡിഗോ, ഞാന്‍ വയലറ്റ്‌ എന്നിങ്ങനെ. ഇത്‌ കണ്ടും കേട്ടും നില്‍ക്കുന്ന ബാക്കി കുട്ടികളുടെ കണ്ണ്‌ മൂടിക്കെട്ടുക. അഥവാ അവരെ പുറം തിരിച്ചു നിര്‍ത്തുക. പിന്നീട്‌ മഴവില്ലിലെ കുട്ടികള്‍ സ്‌ഥാനം മാറി ക്രമം തെറ്റിച്ചു നില്‍ക്കണം.

കണ്ണുകെട്ടിയവര്‍ അത്‌ അഴിച്ചു മാറ്റി (പുറം തിരിഞ്ഞു നില്‌ക്കുകയാണെങ്കില്‍ നേരെ തിരിഞ്ഞ്‌) ഓരോരുത്തരായി മഴവില്ലിലെ പറയണം. തെറ്റിപ്പോയാല്‍ കടം. കുട്ടികളുടെ പേരും നിറവും കൃത്യമായി ക്രമം തെറ്റാതെ പറയണം.

ഈ കളി പല പല തരത്തിലും കളിക്കാം. കുട്ടികള്‍ക്ക്‌ അക്ഷരങ്ങളുടെ പേരു നല്‍കാം.

അ, ആ, ഇ, ഈ എന്നിങ്ങനെയോ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെയോ അല്ലെങ്കില്‍ ഞായര്‍, തിങ്കള്‍ എന്നിങ്ങനെ ദിവസങ്ങളുടെയോ ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ മാസങ്ങളുടെയോ പേരുകളുമാവാം.

നിങ്ങളുടെ ഓര്‍മ്മശക്‌തി വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരുകളിയാണ്‌ ഇത്‌.അന്ത്യാക്ഷരം
അന്ത്യാക്ഷരം കളിക്കാന്‍ റെഡിയായ എല്ലാവരും വട്ടത്തിലിരിക്കുക. ഏതെങ്കിലും ഒരാള്‍ ഒരു വാക്കു പറയുക. അടുത്ത കുട്ടി ആ വാക്കിന്റെ അന്ത്യാക്ഷരത്തില്‍ തുടങ്ങുന്ന വാക്കാണ്‌ പറയേണ്ടത്‌. അതിനടുത്തയാളും അതുപോലെ. ഒരിക്കല്‍ പറഞ്ഞ വാക്ക്‌ പിന്നീട്‌ ഉപയോഗിക്കരുത്‌. പുതിയ വാക്കുകള്‍ കണ്ടുപിടിച്ച്‌ പറയണം. എത്ര വാക്കുകള്‍ നിങ്ങള്‍ക്കറിയാമെന്നു കണ്ടുപിടിക്കാനുള്ള സൂത്രക്കളിയാണിത്‌. അറിയാവുന്നവ തക്കസമയത്ത്‌ ഉപയോഗിക്കാന്‍ കഴിവുണ്ടോ എന്നും ഈ കളിയിലൂടെ അളക്കാം.

കളിയുടെ ഒരു മാതൃക നോക്കൂ

ഒന്നാമന്‍ മരം

രണ്ടാമന്‍ രാമന്‍

മൂന്നാമന്‍ മാല

നാലാമന്‍ ലവന്‍

അഞ്ചാമന്‍ വടി

ആറാമന്‍ ടയര്‍

ഏഴാമന്‍ യമന്‍ ഇങ്ങനെ.

ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കാം. കൂട്ടക്ഷരം വന്നാല്‍ ഒടുവിലത്തെ ശബ്‌ദം പുറപ്പെടുവിക്കുന്ന അക്ഷരം അഥവാ ശബ്‌ദം ഉപയോഗിക്കാം.

ഉദാ: ചര്‍ക്ക. ഇവിടെ ക എടുത്താല്‍ മതി.

ശ്രീവത്സം ആണെങ്കില്‍ സ എടുക്കുക. കയ്‌പ് ആണെങ്കില്‍ പ യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ