2011, ജൂൺ 11, ശനിയാഴ്‌ച

മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ലോഗോ പ്രകാശനം ചെയ്തു .


റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി കുട്ടികള്‍ക്കായി മലര്‍വാടി സംഘടിപ്പിക്കുന്ന 'മലര്‍വാടി ജി.സി.സി മെഗാ ക്വിസി'ന്റെ ലോഗോ പ്രകാശനം പ്രശ്‌സത ടെലിവിഷന്‍ അവതാരകനും റിവേഴ്‌സ് ക്വിസ് മാസ്റ്ററുമായ ഡോ. ജി.എസ് പ്രദീപ് നിര്‍വഹിച്ചു. പാഠപുസ്തകങ്ങളുടെ അക്ഷരകൂട്ടുകള്‍ക്കപ്പുറം അറിവിന്റെ പുതിയ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്തുന്ന വിജഞാനത്തിന്റെയും വിനോദത്തിന്റെയും സന്ദേശം വിളംബരം ചെയ്താണ് മലര്‍വാടി മെഗാ ക്വിസ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ആറ് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്വിസ് ഗള്‍ഫിലെ പത്ത് കേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫ്‌ളാറ്റുകളിലെ ഇത്തിരി വട്ടങ്ങളില്‍ വിരസമായ പഠനരീതികളുടെ ഭാരവും പേറി ബാല്യത്തിന്റെ കൗതുകങ്ങളും ചങ്ങാത്തങ്ങളും നഷ്ടപ്പെട്ട ഗള്‍ഫിലെ കുരുന്നുകള്‍ക്ക് മലര്‍വാടി വിനോദവും വിജഞാനവും സമ്മാനിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതായി ജി.എസ് പ്രദീപ് പറഞ്ഞു. പ്രവാസ ജീവിതം കുരുന്നുകളില്‍ നിന്ന് കവര്‍ന്നെടുത്ത സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ മലര്‍വാടിയുടെ വേദികള്‍ക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മെഗാ ക്വിസിന്റെ അവസാന റൗണ്ടില്‍ സാധ്യമാകുമെങ്കില്‍ പങ്കെടുക്കുമെന്ന ഗ്രാന്റ്മാസ്റ്ററുടെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് സദസ് എതിരേറ്റത്. തനിക്ക് ആതിഥ്യമരുളാനായി ഒത്തിരി ഒരുക്കങ്ങളുമായി കാത്തിരുന്ന മലര്‍വാടി കുരുന്നുകളുമായി ജി.എസ് പ്രദീപ് ഒരു മണിക്കൂറിലധികം സംവദിച്ചു. 200ലധികം കുട്ടികളെ പങ്കെടുപ്പിച്ച് അദ്ദേഹം നടത്തിയ ക്വിസ് പ്രോഗ്രാം ആദ്യവസാനം ആവേശമായി. ഈ മല്‍സരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്ത് പേരെ മലര്‍വാടി മെഗാ ക്വിസിന്റെ രണ്ടാം ഘട്ടങ്ങളിലേക്ക് തെരഞ്ഞെടുക്കും. ഇവര്‍ക്ക് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക സമ്മാനം നല്‍കി.

പരിപാടിയോടനുബന്ധിച്ച് സംഗീത ശില്‍പം, മലര്‍വാടി സല്യൂട്ട് തുടങ്ങിയവയും അരങ്ങേറി. മെഗാ ക്വിസ് കോര്‍ കമ്മറ്റി അംഗങ്ങളായ എസ്.എം നൗഷാദ്, ഉമ്മര്‍ മാസ്റ്റര്‍, കോയക്കുട്ടി, റശീദ് അലി, ജമീല്‍ മുസ്തഫ, കെ.സി.എം അബ്ദുല്ല, ഹാരിസ് മണക്കാവില്‍, സലീം മാഹി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. മെഗാ ക്വിസ് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ശമീം ബക്കര്‍ ജി.എസ് പ്രദീപിന് മലര്‍വാടി ജി.സി.സിയുടെ ഉപഹാരം സമ്മാനിച്ചു. സി.ടി മുഹമ്മദ് നിസാര്‍, അബ്ദുറഹ്മാന്‍ മാറായ്, സി.ടി ഇസ്മായില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അസിസ്റ്റന്റ് പ്രോഗ്രാം കണ്‍വീനര്‍ അശ്‌റഫ് കൊടിഞ്ഞി നന്ദി പറഞ്ഞു. നെസ്‌റ്റോ എച്ച്.ആര്‍ മാനേജര്‍ ബശീര്‍, സിറ്റിഫ്‌ളവര്‍ ഡയറക്ടര്‍ അഹമ്മദ് കോയ, ജീപാസ് മാര്‍ക്കറ്റിങ് മാനേജര്‍ സര്‍ഫ്രാജ്, ആലിയ ഫുഡ്‌സ് സി.ഇ.ഒ നജീബ് മൂസ, ഡോ. എസ്. അബ്ദുല്‍ അസീസ്, അറബ്‌കോ രാമചന്ദ്രന്‍, എമിറേറ്റ്‌സ് എയര്‍ സെയില്‍സ് മാനേജര്‍ കരുണാകരന്‍ പിള്ള, ഹുദ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് എം.ഡി. ടി.പി. മുഹമ്മദ്, ഇബ്രാഹിം സുബ്ഹാന്‍ തുടങ്ങിയ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖരും രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ